ഇരിട്ടി: പാലത്തുംകടവ് ഇലവുങ്കകുന്നിൽ വൻതീപിടിത്തം. രണ്ടു തവണയായി ഒന്പത മണിക്കൂറോളം തീ കത്തി പടർന്നു. ആറ് ഏക്കർ കൃഷിഭൂമി കത്തിനശിച്ചു. ഇന്നലെ പുലർച്ചെ മൂന്നാടെ ഇലവുങ്കൽ ആഷിക്കിന്റെ പറമ്പിലാണ് തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനാ വാഹനങ്ങൾക്ക് എത്താൻ പറ്റാത്ത പ്രദേശത്താണ് തീപിടിത്തമുണ്ടായത്. തീപിടിത്ത വിവരമറിഞ്ഞ് എത്തിയ നാട്ടുകാർ ഫയർ ലൈനുകൾ തീർത്താണ് തീ പടരുന്നത് തടഞ്ഞത്.
രാവിലെ ആറോടെ തീ പൂർണമായും അണച്ചുവെങ്കിലും വെയിൽ ശക്തിയാകുകയും കാറ്റ് വീശിത്തുടങ്ങുകയും ചെയ്തതോടെ പത്തരയോടെ വീണ്ടും തീപിടിത്തമുണ്ടായി. രാജേഷ് ഇലവുങ്കൽ, തോട്ടത്തിൽ ഷീൻ, തോട്ടത്തിൽ അജി എന്നിവരുടെ സ്ഥലങ്ങളിലേക്കും തീ പടർന്നു.
നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും വനപാലകരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളം പരിശ്രമിച്ചതിനെ തുടർന്ന് വൈകുന്നേരം 4.30 ഓടെ തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. വനാതിർത്തി ഗ്രാമമായ പാലത്തുംകടവ് കണ്ണൂർ വനം ഡിവിഷൻ, കർണാടകയുടെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം എന്നിവ ഉൾപ്പെടുന്ന മേഖലയോട് ചേർന്ന സ്ഥലമാണ്.
തീ നിയന്ത്രണ വിധേയമാക്കുന്ന പ്രവർത്തനങ്ങൾക്ക് അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി വിശ്വനാഥൻ, ജില്ലാ പഞ്ചായത്ത് അംഗം ജയ്സൺ കാരക്കാട്ട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മേരി റെജി, ജോസ്കുഞ്ഞ് തടത്തിൽ, അംഗങ്ങളായ ഷിബോ കൊച്ചുവേലിക്കകം, അനീഷ്.കെ.പോൾ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ സി.സുനിൽകുമാർ സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.